കടപ്പുറം പഞ്ചായത്തുകളില്‍ കുടിവെള്ളം മുടങ്ങാന്‍ സാഹചര്യമൊരുങ്ങുന്നു. നേരത്തേ ഈ പഞ്ചായത്തുകള്‍ക്ക് 7.5 ലക്ഷം ലിറ്റര്‍ വെള്ളം കരുവന്നൂര്‍ പദ്ധതിയില്‍ നിന്ന് ലഭിച്ചിരുന്നു. പിന്നീടത് രണ്ട് ലക്ഷം ലിറ്ററാക്കി കുറച്ചു. ഇപ്പോള്‍ പൂര്‍ണമായും നിര്‍ത്തിവെച്ച അവസ്ഥയാണ്. 2005ല്‍ മുന്‍ ഗുരുവായൂര്‍ എം.എല്‍.എ പി.കെ.കെ.ബാവയുടെ കാലത്ത് നിലവില്‍ വന്നതായിരുന്നു പദ്ധതി. അന്നത്തെ വ്യവസ്ഥ പ്രകാരം ഒരു ദിവസം ഒരുമനയൂരിനും അടുത്ത ദിവസം കടപ്പുറം പഞ്ചായത്തിനും വെള്ളം നല്‍കണമെന്നായിരുന്നു വ്യവസ്ഥ.
ഒരുമനയൂരിനും കടപ്പുറത്തിനും ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ രണ്ട് കിണറുകളാണ് മറ്റ് ജലസ്രോതസ്സ്. ഇതില്‍ നിന്ന് ഗുരുവായൂര്‍ വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഒരുമനയൂര്‍, കടപ്പുറം ഭാഗങ്ങളിലേക്ക് വെള്ളം അടിക്കുന്നത്.
വിവിധ കാരണങ്ങള്‍ പറഞ്ഞ് ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ കോട്ടക്കടപ്പുറത്തെ കിണറില്‍ നിന്ന് ഒരുമനയൂരിന് വെള്ളം വിട്ടുകൊടുക്കുന്നില്ല. പൊക്കുളങ്ങര കിണറില്‍ നിന്ന് മാത്രമാണ് ഒരുമനയൂരിലേക്കും കടപ്പുറത്തേക്കും വെള്ളമെത്തുന്നത്. അതുതന്നെ എത്രനാള്‍ തുടരുമെന്ന ആശങ്കയുമുണ്ട്. ഈ വെള്ളം തന്നെ രണ്ട് പഞ്ചായത്തുകള്‍ക്ക് പങ്കുവെക്കേണ്ട അവസ്ഥയാണ്.
ചേറ്റുവ ബ്രിഡ്ജ് മുതല്‍ മുത്തമ്മാവ് സെന്റര്‍ വരെ ഏഴ്, എട്ട്, ഒമ്പത്, പത്ത്, 11 വാര്‍ഡുകള്‍ക്ക് ഈ വെള്ളമാണ് ആശ്രയം. കടപ്പുറം പഞ്ചായത്തിന്റെ വട്ടേക്കാട് പ്രദേശവും ഈ വെള്ളം ആശ്രയിക്കുന്നു. ഇതും ഏതാനും ദിവസങ്ങള്‍ മാത്രമേ തുടരാന്‍ കഴിയൂ എന്നാണ് അധികൃതര്‍ പറയുന്നത്. ഒരുമനയൂര്‍ പഞ്ചായത്തിന്റെ വടക്ക് തെക്കഞ്ചേരി മുതല്‍ തെക്ക് മുത്തമ്മാവ് വരെയുള്ള എട്ട് വാര്‍ഡുകള്‍ക്ക് വെള്ളം ഇപ്പോള്‍ ലഭിക്കുന്നത് തൃത്താലയില്‍ നിന്ന് പമ്പ്‌ചെയ്യുന്ന ചാവക്കാട് ടാങ്കില്‍ നിന്നാണ്. ഇതില്‍ ഏഴ്, എട്ട്, 11,12 വാര്‍ഡുകളില്‍ ഭൂരിഭാഗം സ്ഥലത്തും വെള്ളമില്ല. 13,12,മൂന്ന്, നാല് വാര്‍ഡുകളില്‍ ഭാഗികമായാണ് വെള്ളമെത്തുന്നത്. നാല് ഇഞ്ച് പൈപ്പാണ് മുന്‍കാലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. പൈപ്പ് പലഭാഗത്തും തടസ്സപ്പെട്ടിട്ടുണ്ട്. ഇത് ആറിഞ്ച് പൈപ്പാക്കാന്‍ ഒരുമനയൂര്‍ വികസനരേഖയില്‍ നടപടിയെടുത്തിട്ടുണ്ട്.
ഒരുമനയൂര്‍, കടപ്പുറം പഞ്ചായത്തുകള്‍ക്കകത്തുതന്നെയുള്ള ജലസ്രോതസ്സുകള്‍ ഉപയോഗിച്ച് ചെറുപദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് വേണ്ടത്. ഇതിന് എം.എല്‍.എമാരായ കെ.വി.അബ്ദുല്‍ ഖാദറും പ്രതാപന്‍ എം.എല്‍.എയും രംഗത്തുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
No comments:
Post a Comment