തൃശ്ശൂര്‍: ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചു. ആറ് കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുക. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ പി.ജി. തോമസ്സിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വരണാധികാരികളുടെ യോഗം ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്തു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകരുടെ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണല്‍. 13ന് രാവിലെ 8ന് ആരംഭിക്കും.
ചേലക്കര, കുന്നംകുളം മണ്ഡലങ്ങളിലേത് കുട്ടനെല്ലൂര്‍ സി. അച്യുതമേനോന്‍ ഗവണ്മെന്റ് കോളേജിലും ഗുരുവായൂരിലേത് ചാവക്കാട് എം.ആര്‍. രാമന്‍ മെമ്മോറിയല്‍ സ്‌കൂളിലും മണലൂരിലേത് ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് എണ്ണുക. വടക്കാഞ്ചേരി, ഒല്ലൂര്‍, തൃശ്ശൂര്‍, നാട്ടിക മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പാട്ടുരായ്ക്കല്‍ ദേവമാതാ സി.എം.ഐ. പബ്ലിക് സ്‌കൂളിലും കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളിലേത് പുല്ലൂറ്റ് കെ.കെ.ടി.എം. കോളേജിലും ഇരിങ്ങാലക്കുട, പുതുക്കാട്, ചാലക്കുടി മണ്ഡലങ്ങളിലേത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലും വെച്ചാണ് എണ്ണുന്നത്.
വോട്ടെണ്ണലിനുള്ള കൗണ്ടിങ് സൂപ്പര്‍വൈസര്‍മാരുടെയും അസിസ്റ്റന്റുമാരുടെയും നിയമനം പൂര്‍ത്തിയായിട്ടുണ്ട്. ഇവര്‍ക്കുള്ള പരിശീലനം മെയ് 6ന് രാവിലെ 10 മുതല്‍ തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ ആരംഭിക്കും.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരേസമയം 10 മുതല്‍ 14 വരെ മേശകള്‍ ക്രമീകരിച്ചാവും വേട്ടെണ്ണല്‍. ഇവിടെ വെബ്ക്യാമറയും ടി.വി.യും സ്ഥാപിക്കും. പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്‌ക്രീനില്‍ വോട്ടിങ് നില പ്രദര്‍ശിപ്പിക്കാനും സൗകര്യം ഒരുക്കും. മാധ്യമങ്ങള്‍ക്ക് തിരഞ്ഞെടുപ്പു ഫലം അപ്പപ്പോള്‍ നല്‍കുന്നതിന് ഇലക്ഷന്‍ മീഡിയാ സെന്ററായി പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും പ്രത്യേകം സംവിധാനം ഉണ്ടാവും. ഇന്‍ഫര്‍മാറ്റിക്‌സ് വിഭാഗം ട്രെന്‍ഡ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാവും മീഡിയ സെന്ററില്‍ ലീഡ്‌നില അപ്പപ്പോള്‍ എത്തിക്കുക.
No comments:
Post a Comment