ചരിത്രം
സാമൂഹ്യ-സാംസ്കാരിക ചരിത്രം
മുന്‍കാലങ്ങളില്‍ കടലിനോട് ചേര്‍ന്നുകിടക്കുന്ന ഭാഗമൊഴിച്ചാല്‍ ബാക്കി പ്രദേശങ്ങള്‍ തെങ്ങ്, കവുങ്ങ് മുതലായ കൃഷിഭൂമികളും, തോടുകളും, നെല്‍വയലുകളുമായിരുന്നു. വിശാലമായ പച്ചപ്പുല്‍പ്രദേശങ്ങളും ഇവിടെ ധാരാളമായി കണ്ടിരുന്നു. പഞ്ചായത്തിലെ ജനസാന്ദ്രതയുടെ വര്‍ദ്ധനവാകാം പില്‍ക്കാലത്ത് ഭൂപ്രകൃതിയില്‍ സാരമായ മാറ്റം വരുത്തിയത്. പാര്‍പ്പിടസൌകര്യത്തിനായി കടല്‍ത്തീരത്തെ മണല്‍കുന്നുകള്‍ ഉപയോഗിച്ച് വയലുകള്‍ നികത്തി പുരയിടങ്ങളാക്കിമാറ്റി. നെല്‍കൃഷി ആദായകരമല്ലാതായതിനെ തുടര്‍ന്ന്, കൂടുതല്‍ മെച്ചപ്പെട്ട വരുമാനം നല്‍കുന്ന തെങ്ങുകൃഷി നടത്തുന്നതിനായും വയലുകള്‍ നികത്തി. മൂന്നുഭാഗം വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു അര്‍ദ്ധദ്വീപാണ് കടപ്പുറം ഗ്രാമപഞ്ചായത്ത്. പുരാതനകാലത്ത് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നും അറബിനാടുകളില്‍ നിന്നും പായ്ക്കപ്പലുകളും ഉരുകളും വന്ന് ഈ പഞ്ചായത്തിന്റെ തെക്കേ അതിര്‍ത്തിയായ ചേറ്റുവ അഴിമുഖം കടന്ന് ഈ പഞ്ചായത്തിലെ കായല്‍ത്തീരങ്ങളില്‍ പാണ്ടികശാലകള്‍ കെട്ടി നാണ്യവിളകള്‍ കയറ്റിക്കൊണ്ടുപോവുകയും വിപണനം നടത്തുകയും ചെയ്തിരുന്നു. പഞ്ചായത്തിന്റെ സിരാകേന്ദ്രമായ അഞ്ചങ്ങാടിയില്‍ ബ്രിട്ടീഷുകാരനായ ബ്രണ്ണന്‍ സായ്പ് വ്യാപാരസ്ഥാപനം നടത്തിയതായും രേഖകളുണ്ട്. പായ്ക്കപ്പലുകള്‍ക്കും ഉരുകള്‍ക്കും ഗതാഗതം നടത്തുന്നതിന് സഹായമാകുന്നതിനും ചേറ്റുവ അഴിയുടെ സ്ഥാന നിര്‍ണ്ണയത്തിനുമായി ഈ പഞ്ചായത്തില്‍ ഒരു കൂറ്റന്‍ കൊടിമരം ഉണ്ടായിരുന്നത് പ്രസിദ്ധമാണ്. ഭൂപരിഷ്ക്കരണം വരുന്നതുവരെ ജന്മികുടിയാന്‍ സമ്പ്രദായമായിരുന്നു ഇവിടെ നിലനിന്നിരുന്നത്. ഭൂവുടമകളായ ജന്മിമാരില്‍ നിന്നും കൃഷിഭൂമി പാട്ടത്തിനെടുത്ത് കുടിയാന്മാരും ഇടത്തരക്കാരും കൃഷിചെയ്തിരുന്നു. മുന്‍കാലങ്ങളില്‍ ഈ പ്രദേശങ്ങളില്‍ നെല്‍കൃഷിയായിരുന്നു മുഖ്യം. മഞ്ഞള്‍, ചേമ്പ്, കൂര്‍ക്ക, പയറ്, റാഗി, പുല്ല്, കപ്പ മുതലായ ഭക്ഷ്യവിളകളും, രാമച്ചം തുടങ്ങിയ ഔഷധസസ്യങ്ങളും ഇവിടെ കൃഷിചെയ്തിരുന്നു. എന്നാല്‍ കനോലി കനാലില്‍ ചേറ്റുവായിലുള്ള ഒരുമനയൂര്‍ ലോക്ക് വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് കേടുവന്നതു പുതുക്കി പണിയാതിരുന്നതിനാല്‍ ഉപ്പുവെള്ളം കനാലിലൂടെയും അതുമായി ബന്ധപ്പെട്ട തോടുകളിലൂടെയും പഞ്ചായത്തിന്റെ ഉള്‍ഭാഗത്തേക്കു കയറിയതുമൂലം ഫലഭൂയിഷ്ഠമായ ഭൂമിയിലുണ്ടായിരുന്ന നെല്‍കൃഷിയും ഇടവിളകൃഷികളും നിശ്ശേഷം ഇല്ലാതാവുകയും തെങ്ങുകൃഷി മാത്രമായി അവശേഷിക്കുകയും ചെയ്തു. മലബാര്‍ ഡിസ്ട്രിക്റ്റ്ബോര്‍ഡിന്റെ കീഴിലായിരുന്ന പൊന്നാനി താലൂക്കില്‍പ്പെട്ട കടപ്പുറം, ഒരുമനയൂര്‍ വില്ലേജുകള്‍ ചേര്‍ന്നതായിരുന്നു ഒരുമനയൂര്‍ പഞ്ചായത്ത്. ഈ പഞ്ചായത്തില്‍ നിന്നും കനോലികനാലിന്റെ കിഴക്കും പടിഞ്ഞാറുമായി ഭൂമിശാസ്ത്രപരമായി വേര്‍തിരിക്കപ്പെട്ടുകിടന്നിരുന്ന രണ്ട് പ്രദേശങ്ങളേയും 1968-ല്‍ ഭരണപരമായി വിഭജിച്ച് കിഴക്കുഭാഗത്തുള്ള പ്രദേശത്തെ ഒരുമനയൂര്‍ പഞ്ചായത്തെന്നും പടിഞ്ഞാറുഭാഗത്തെ (കടപ്പുറം വില്ലേജും ഒരുമനയൂര്‍ വില്ലേജിന്റെ വട്ടേകാട് ദേശവും ചേര്‍ന്നുള്ള ഭാഗം) കടപ്പുറം പഞ്ചായത്തെന്നും നാമകരണം ചെയ്തു. വ്യവസായ-വാണിജ്യരംഗത്ത് സമ്പുഷ്ടമായ പൈതൃകമുള്ള കടപ്പുറം പഞ്ചായത്ത് ഇന്ന് ഉല്പാദനരംഗത്ത് തികഞ്ഞ മുരടിപ്പോടെ നില്‍ക്കുന്നു. ഉത്പാദനരംഗത്തെ ഈ മുരടിപ്പില്‍ നിന്നും നാടിനെയും നാട്ടുകാരെയും താങ്ങിനിര്‍ത്തുന്നത് ഗള്‍ഫ് എന്ന ആശ്രയകേന്ദ്രമാണ്. പഞ്ചായത്തിന്റെ പടിഞ്ഞാറേതീരത്തോട് ചേര്‍ന്ന് അതിബൃഹത്തായ മത്സ്യവ്യവസായ-സംസ്ക്കരണശ്യംഖല തന്നെ ഉണ്ടായിരുന്നു. കിഴക്കേ കായലോരത്തോട് ചേര്‍ന്ന് സമൃദ്ധമായ കയറുല്‍പാദനമേഖലയും നിലനിന്നിരുന്നു. ചങ്ങനാശ്ശേരി, തമിഴ്നാട്ടിലെ തൂത്തുകുടി, നാഗപട്ടണം എന്നിവിടങ്ങളിലേക്കും സിലോണിലേക്കും നേരിട്ട് ഇവിടെ നിന്നും മത്സ്യം കയറ്റുമതി ചെയ്തിരുന്നു. ബ്രിട്ടീഷ്ഭരണകാലത്ത് മദ്രാസ് സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ അഞ്ചങ്ങാടിയില്‍ സ്ഥാപിച്ചിരുന്ന മത്സ്യസംസ്കരണശാല ഈ പ്രദേശത്തെ സ്ത്രീകളുള്‍പ്പെടെ ആയിരക്കണക്കിന് നാട്ടുകാര്‍ക്ക് തൊഴില്‍ നല്‍കിയിരുന്നു. ഈ മല്‍സ്യസംസ്ക്കരണകേന്ദ്രം പില്‍ക്കാലത്ത് മണ്ണടിഞ്ഞു പോവുകയും അവിടെ ഗവ:ഹൈസ്ക്കൂളിന്റെ പുതിയ കെട്ടിടവും ഗ്രൌണ്ടും ഉയര്‍ന്നുവരികയും ചെയ്തു. 1960-കളില്‍ കടപ്പുറത്തുണ്ടായ ബേപ്പ് സമരം മത്സ്യബന്ധനരംഗത്തുണ്ടായ സുപ്രധാന തൊഴില്‍സമരമായിരുന്നു. മുസ്ലീം സമൂഹമാണ് പഞ്ചായത്തില്‍ ഭൂരിപക്ഷവും. ബാക്കിയുള്ളവരില്‍ ഹിന്ദുസമുദായത്തിലുള്ളവരും നാമമാത്രമായ ക്രിസ്ത്യാനികളുമാണ്. ബുഖാറയിലെ സയ്യദ് കുടുംബങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് റഷ്യയിലെ ബുഖാറയില്‍ നിന്നുമെത്തിയ കുടുംബത്തിലെ പിന്‍മുറക്കാരാണത്രെ. പട്ടികജാതി വിഭാഗത്തില്‍പ്പട്ട നാടോടികളായ നായാടികള്‍ ഈ പ്രദേശത്തെ പ്രത്യേക ജനവിഭാഗമായിരുന്നു. പ്രസിദ്ധമായ പുന്നക്കച്ചാല്‍ ചന്ദനക്കുടം, വേലകള്‍, പൂരം എന്നീ പ്രാദേശിക ഉത്സവങ്ങളില്‍ ജാതിമതഭേദം കൂടാതെ എല്ലാവരും സജീവമായി പങ്കെടുത്തുവരുന്നു. 1948-ല്‍ പഞ്ചായത്തില്‍ പ്രവര്‍ത്തനമാരംഭിച്ച യുവജനസംഘം ഗ്രാമീണ വായനശാല ആന്റ് ഗ്രന്ഥാലയമാണ് ഈ പ്രദേശത്തെ ആദ്യത്തെ സാംസ്ക്കാരികസംരംഭം. ഈ നാട്ടുകാരില്‍ സ്ത്രീകളുള്‍പ്പെടെ 95% ജനങ്ങളും അറബിഭാഷയില്‍ സാക്ഷരരായിരുന്നു. ഏകദേശം 10% ജനങ്ങള്‍ക്കു മാത്രമാണ് മാതൃഭാഷയില്‍ സാക്ഷരതയുണ്ടായിരുന്നത്. ബഹുഭൂരിപക്ഷവും ആശയവിനിമയത്തിന് അറബിമലയാളമാണ് മാധ്യമഭാഷയായി ഉപയോഗിച്ചിരുന്നത്. നാട്ടില്‍ പുരാതനമായുണ്ടായിരുന്ന ഗുരുകുലം കണക്കെയുള്ള ഓത്തുപള്ളികള്‍ ഈ പ്രദേശത്തെ അക്ഷരാഭ്യാസത്തില്‍ മികച്ച സംഭാവനകള്‍ നല്‍കിയ സമാന്തരവിദ്യാഭ്യാസസ്ഥാപനങ്ങളായിരുന്നു. പള്ളികളിലെ ദര്‍സുകളോടനുബന്ധിച്ചുള്ള ആയിരക്കണക്കായ പുസ്തകശേഖരങ്ങളില്‍(കുതുബ്ഖാന) നാടിന്റെ വ്യാപാരവാണിജ്യ ചരിത്രങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പള്ളിദര്‍സുകളില്‍ കര്‍മ്മശാസ്ത്രം, തത്വചിന്ത, ജ്യോതിശാസ്ത്രം, തര്‍ക്കശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ മതവിദ്യാഭ്യാസരംഗത്തുതന്നെ വിവിധശാഖകളില്‍ ഉന്നതപഠനം നടത്തിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ ഔപചാരികവിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. അഞ്ചങ്ങാടിയില്‍ ബോര്‍ഡ് സ്കൂള്‍ എന്നറിയപ്പെട്ടിരുന്ന കടപ്പുറം മാപ്പിള എലിമെന്ററി സ്കൂളാണ് ആദ്യത്തെ വിദ്യാഭ്യാസസ്ഥാപനം. ആയൂര്‍വ്വേദപാരമ്പര്യ നാട്ടുചികിത്സാരീതികള്‍ മാത്രമായിരുന്നു ഇവിടെ നിലവിലിരുന്നത്. കുട്ടാപ്പുവൈദ്യര്‍, ശങ്കരന്‍വൈദ്യര്‍, കുഞ്ഞപ്പവൈദ്യര്‍ തുടങ്ങിയവര്‍ ഈ മേഖലയിലെ പ്രമുഖരായിരുന്നു. 1941-ലെ(കൊല്ലവര്‍ഷം 1116) പ്രകൃതിക്ഷോഭവും കൊടുങ്കാറ്റും ഈ ഗ്രാമത്തിലും ഒട്ടേറെ ദുരിതങ്ങള്‍ വിതറിയ സംഭവമായിരുന്നു. വീടുകളും കുടിലുകളും തകര്‍ന്നുപോയ ആ സംഭവത്തിനുശേഷം അവശേഷിച്ച വീടുകളില്‍ ജാതിമതഭേദമെന്യേ എല്ലാവരും ഒരുമിച്ച് കഴിഞ്ഞുകൂടി. പഞ്ചായത്തിലെ ആദ്യത്തെ റോഡ് ബ്ലാങ്ങാടും ചാവക്കാടും തമ്മില്‍ ബന്ധിപ്പിക്കുന്ന മഹാത്മാഗാന്ധിറോഡാണ്. പഞ്ചായത്ത് നിലവില്‍ വന്നതിനു ശേഷം ആദ്യമായി നിര്‍മ്മിക്കാന്‍ കഴിഞ്ഞത് ബ്ലാങ്ങാട് മുതല്‍ മുനക്കടവ് വരെയുള്ള റോഡാണ്. പഞ്ചായത്തിന്റെ മുഖഛായ തന്നെ മാറ്റിയെടുക്കാന്‍ കഴിഞ്ഞ ഒരുമനയൂര്‍ മൂന്നാംകല്ല് പാലം എടുത്തുപറയാവുന്ന വികസനനേട്ടമാണ്. വിവാദങ്ങള്‍ നിറഞ്ഞ കടപ്പുറം പഞ്ചായത്തുരൂപീകരണം നീണ്ടകാലത്തെ പരിശ്രമത്തിന്റെയും വിശ്രമമില്ലാത്ത പോരാട്ടത്തിന്റെയും അനന്തരഫലമാണ്. ക്രമസമാധാനപ്രശ്നവും നിയമകുരുക്കുകളും അതിജീവിച്ച് പഞ്ചായത്ത് രേഖകളൊക്കെ വഞ്ചിയിലാക്കി പോലീസ് കാവലോടെ കടത്തികൊണ്ടുവന്ന ചരിത്രം ഈ പഞ്ചായത്തിന്റെ മാത്രം സവിശേഷതയാണ്. പഞ്ചായത്ത് ആസ്ഥാനം മാറ്റുന്നത് സംബന്ധിച്ച് നിലനിന്ന വിവാദമാണ് ഒരുമനയൂര്‍ പഞ്ചായത്ത് വിഭജനത്തിലേക്കും അതുവഴി കടപ്പുറം പഞ്ചായത്ത് രൂപീകരണത്തിലേക്കും നയിച്ചത്.
പഞ്ചായത്തിലൂടെ
കടപ്പുറം - 2010
തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍ ചാവക്കാട് ബ്ളോക്കിലാണ് കടപ്പുറം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1964 ജനുവരി ഒന്നിന് രൂപീകൃതമായ പഞ്ചായത്തിന് 9.63 ച.കി.മീ വിസ്തീര്‍ണ്ണമുണ്ട്. 12,959 സ്ത്രീകളും, 10,899 പുരുഷന്‍മാരുമടങ്ങുന്ന 23,858-ഓളം വരുന്ന ജനസംഖ്യയുടെ ആകെ സാക്ഷരത 89% മാണ്. ഭൂപ്രകൃതിയനുസരിച്ച് തീരദേശ മേഖലയില്‍ വരുന്ന പഞ്ചായത്തിലെ പ്രധാന വിളകള്‍ തെങ്ങും, കവുങ്ങുമാണ്. മത്തിക്കായലും, മുല്ലപ്പുഴയുമാണ് പഞ്ചായത്തിലെ പ്രധാന ജലാശയങ്ങള്‍. പഞ്ചായത്തിന്റെ മറ്റു പലവിധ ജലസ്രോതസ്സുകളില്‍ 2 കുളങ്ങളും 30 പൊതുകിണറുകളും ഉള്‍പ്പെടുന്നു. പ്രദേശത്ത് അര ഏക്കറോളം വിസ്തൃതിയില്‍ കണ്ടല്‍ വനങ്ങളുണ്ട്. രാത്രികാല ഗതാഗതം സുഗമമാക്കുന്നതിന് 716 വഴിവിളക്കുകളും കുടിവെള്ള വിതരണത്തിന് 545 പൊതു കുടിവെള്ള ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ബീച്ചുകളും കായല്‍ തീരങ്ങളുമുള്‍പ്പെടെ, വിനോദ സഞ്ചാര മേഖലയ്ക്ക് അനുയോജ്യമായ ഭൂപ്രകൃതിയാണ് പഞ്ചായത്തിനുള്ളത്. മുനക്കക്കടവ് അഴിമുഖം, ചേറ്റുവ ലൈറ്റ് ഹൌസ് എന്നിവിടങ്ങള്‍ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. പഞ്ചായത്തില്‍ നിന്ന് ഏറ്റവും അടുത്തുള്ള വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, തുറമുഖം യഥാക്രമം നെടുമ്പാശ്ശേരി, ഗുരുവായൂര്‍, കൊച്ചി എന്നിവയാണ്. പരിസരപ്രദേശത്തുള്ള പ്രധാന ബസ്സ്റ്റാന്‍ഡ് ചാവക്കാടാണ്. മുനക്കക്കടവ്, ചേറ്റുവ, കാരോകടവ്, മൂന്നാംകല്ല് കടവ് എന്നിവയാണ് പ്രധാന ജലഗതാഗതകേന്ദ്രങ്ങള്‍. അഴിമുഖം-ബ്ളാങ്ങാട്, മൂന്നാംകല്ല്-അഞ്ചങ്ങാടി, ചാവക്കാട്-അടിതിരുത്തി തുടങ്ങിയ പാതകളാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രാധാന പാതകള്‍. കറുകമാട് പാലം, മൂന്നാം കല്ല് പാലം, വില്യംസ് പാലം, കാരോകടവ് പാലം, തൊട്ടാപ്പ് പാലം മുതലായ പാലങ്ങളാണ് പഞ്ചായത്തിനെ വിവിധ പ്രദേശങ്ങളുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്നത്. കയര്‍, മത്സ്യബന്ധനം എന്നിവയുമായി ബന്ധപ്പെട്ട പരമ്പരാഗത വ്യവസായമാണ് പഞ്ചായത്തില്‍ പ്രധാനമായി ഉള്ളത്. ഇവയെ കൂടാതെ കൊപ്ര വ്യവസായം, ഫ്ളോര്‍ മില്ലുകള്‍ തുടങ്ങിയുള്ള ചെറുകിട വ്യവസായങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. മുനക്കക്കടവ് ഹിന്ദുസ്ഥാന്‍ പെട്രോളിയം വക ബങ്കും വട്ടേക്കാട് ഭാരത് ഗ്യാസുമാണ് പ്രദേശത്ത് ഇന്ധനം, പാചക വാതകം എന്നിവയുടെ വിതരണം നടത്തുന്നത്. 9 റേഷന്‍ കടകളും ഒരു നീതി സ്റ്റോറുമടക്കം 10 പൊതു വിതരണ കേന്ദ്രങ്ങളാണ് പഞ്ചായത്തിലുള്ളത്. അഞ്ചങ്ങാടി, പുതിയങ്ങാടി, വട്ടേകാട്, മുനക്കക്കടവ്, തൊട്ടാപ്പ് എന്നിവിടങ്ങളിലാണ് പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ജനസംഖ്യയുടെ ഭൂരിപക്ഷം മുസ്ളീങ്ങളായതിനാല്‍ ഇവിടെയുള്ള ആരാധനാലയങ്ങളിലധികവും മുസ്ളീം പള്ളികളാണ്. 12 ജുമാ അത്ത് പള്ളികളും 18 ചെറു പള്ളികളും ചെറുതും വലുതുമായ 15 ക്ഷേത്രങ്ങളും പഞ്ചായത്തില്‍ ഉണ്ട്. പഞ്ചായത്തിലെ ആദ്യത്തെ മുസ്ളീം ദേവാലയം ബ്ളാങ്ങാട് ചേര്‍ക്കല്‍ പള്ളിയാണ്. കറുകമാട് ജുമാ മസ്ജിദ്, അടിതിരുത്തി ജുമാ മസ്ജിദ്, വട്ടേക്കാട് ജുമാ മസ്ജിദ്, മുഹ്യദ്ധീന്‍ ജുമാ മസ്ജിദ് തുടങ്ങിയ പള്ളികളും മാട്ടുമ്മല്‍ ക്ഷേത്രം, ശ്രീ കരിങ്കാളി ഭഗവതി ക്ഷേത്രം, ബ്ളാങ്ങാട് വൈലി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളുമാണ് പ്രധാന ആരാധനാലയങ്ങള്‍. വട്ടേക്കാട് ചന്ദനകുടം നേര്‍ച്ച, കോളനി ചന്ദനകുടം നേര്‍ച്ച, മാട്ടുമ്മല്‍ വേല, ഉപ്പാപ്പ പള്ളി ഉറൂസ്, ബ്ളാങ്ങാട് ക്ഷേത്ര ഉത്സവം തുടങ്ങി നിരവധി ഉത്സവപരിപാടികള്‍ പഞ്ചായത്തില്‍ വര്‍ഷം തോറും നടന്നു വരുന്നു. ചിത്രകാരനായ യൂസഫ് അറക്കല്‍ ഈ പ്രദേശത്ത് നിന്നുള്ള പ്രശസ്തനായ വ്യക്തികളില്‍ ഒരാളാണ്. യുവജന സംഘം ഗ്രാമീണ വായനശാല, തൊട്ടാപ്പ് കളിയരങ്ങ്, അഞ്ചങ്ങാടി ഗ്രാമവേദി, ഇരട്ടപ്പുഴ സ്പോര്‍ട്സ് ക്ളബ് തുടങ്ങിയവയാണ് പഞ്ചായത്തിലെ കലാ-കായിക-സാംസ്കാരിക തട്ടകങ്ങള്‍. കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രമാണ് പഞ്ചായത്തിന്റെ ആരോഗ്യമേഖലയില്‍ നിലവിലുള്ള പ്രധാന സ്ഥാപനം. ഇതിന്റെ ഉപകേന്ദ്രങ്ങള്‍ തൊട്ടാപ്പ്, വട്ടേക്കാട്, ഇരട്ടപ്പുഴ എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്നു. അഞ്ചങ്ങാടിയില്‍ ഒരു വെറ്റിനറി ഡിസ്പെന്‍സറി പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലുമായി പത്തോളം സ്ക്കൂളുകളാണ് പഞ്ചായത്തിന്റെ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നത്. ജി.വി.എച്ച്.എസ് കടപ്പുറം, ജി.എഫ്.യു.പി.സ്ക്കൂള്‍ പുതിയങ്ങാടി, എ.എം.എല്‍.പി. സ്ക്കൂള്‍ കറുകമാട് തുടങ്ങിയവയാണ് പ്രധാന സ്ക്കൂളുകള്‍. പഞ്ചായത്തിന്റെ ബാങ്കിംഗ് മേഖലയില്‍ ദേശസാല്‍കൃത ബാങ്കായ അഞ്ചങ്ങാടി എസ്.ബി.ഐ ഉള്‍പ്പെടെ നാല് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നു. ചാവക്കാട് ഫര്‍ക്ക റൂറല്‍ ബാങ്ക്, വട്ടേക്കാട് കോ-ഓപ്പറേറ്റീവ് ബാങ്ക്, ഒരുമനയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവയാണ് മറ്റു സ്ഥാപനങ്ങള്‍. പൊതുപരിപാടികള്‍, വിവാഹം എന്നിവ നടത്തുന്നതിന് പ്രദേശവാസികള്‍ ആശ്രയിക്കുന്നത് അഞ്ചങ്ങാടി ബി.കെ.സി തങ്ങള്‍ സ്മാരക കമ്മ്യൂണിറ്റി ഹാളിനേയും, തൊട്ടാപ്പ് റോയല്‍ ബീച്ച് ഹാളിനേയുമാണ്. വാര്‍ത്താവിനിമയ സ്ഥാപനങ്ങളായ ടെലിഫോണ്‍ എക്സ്ചേഞ്ചും പോസ്റ്റ് ഓഫീസും സ്ഥിതി ചെയ്യുന്നത് കടപ്പുറത്താണ്. പോസ്റ്റ് ഓഫീസിന് അഞ്ചങ്ങാടി, വട്ടേക്കാട്, ബ്ളാങ്ങാട് എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. പഞ്ചായത്തിലെ കൃഷിഭവന്‍, മത്സ്യഭവന്‍ എന്നിവ പ്രവര്‍ത്തിക്കുന്നത് അഞ്ചങ്ങാടിയിലാണ്.
പൊതുവിവരങ്ങള്‍
ജില്ല |
:
| തൃശ്ശൂര്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബ്ളോക്ക് |
:
| ചാവക്കാട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിസ്തീര്‍ണ്ണം |
:
| 9.63 ച.കി.മീ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വാര്‍ഡുകളുടെ എണ്ണം |
:
| 16 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനസംഖ്യ |
:
| 26980 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പുരുഷന്‍മാര്‍ |
:
| 73517 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സ്ത്രീകള്‍ |
:
| 13463 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനസാന്ദ്രത |
:
| 2388 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സ്ത്രീ : പുരുഷ അനുപാതം |
:
| 1144 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മൊത്തം സാക്ഷരത |
:
| 82.51 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സാക്ഷരത (പുരുഷന്‍മാര്‍) |
:
| 87.85 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സാക്ഷരത (സ്ത്രീകള്‍) |
:
| 78 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Source : Census data 2001 http://lsgkerala.in/kadappurampanchayat
|
No comments:
Post a Comment